Wednesday, 1 July 2015

അനുഭവക്കുറിപ്പുകള്‍ 1.

 ദീപു ആറ്റിങ്ങല്‍ (25/02/2015)

ഡോക്ടര്‍ ആകണമെന്ന ആഗ്രഹത്തോടുകൂടി പ്രീഡിഗ്രി ക്ക് സയന്‍സ് ഗ്രൂപ്പ് എടുത്ത് പഠിച്ചു,പക്ഷെ തുമ്പ St.xavier's college-ലെ എന്‍റെ പഠനം കൂടുതലും കടപ്പുറത്തേയ്ക്കും സിനിമാപ്പുരകളിലേയ്ക്കും വ്യാപിച്ചു .
അതിന്‍റെ പരിണിതഫലം ,ആറ്റിങ്ങല്‍ സ്കൂളിലെ 10 B യില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയ ദീപുവിന്‍റെ PDC സര്‍ട്ടിഫിക്കറ്റ് ആരെയും കാണിക്കാന്‍ പറ്റാത്ത സ്ഥിതിയാക്കി മാറ്റി.

പിന്നെ മാര്‍ച്ച്‌ സെപ്തംബര്‍ കോഴ്സുകളില്‍ വിജയശ്രീലാളിതനായെങ്കിലും,ഡോക്ടര്‍ എന്‍റെ മനസ്സില്‍ നിന്നും അപ്രത്യക്ഷമായി.പിന്നെ പഠിക്കുവാന്‍ വേണ്ടി എന്തെങ്കിലും,അങ്ങനെയാണ് ഞാന്‍ ഒരു ചരിത്ര വിദ്യാര്‍ത്ഥി ആയത്.

2. ഇത് ആത്മകഥയല്ല.അനുഭവക്കുറിപ്പുകള്‍ ആണ്,അത് പറഞ്ഞു മനസിലാക്കിത്തന്ന lovely nizaar ന് നന്ദി.നമ്മള്‍ എല്ലാം അറിയാം എന്ന് അഹങ്കരിക്കുമ്പോഴും സത്യത്തില്‍ നമുക്ക് പലതും അറിയില്ല.

കോപ്പറേറ്റീവ് കോളേജിലെ ചരിത്രക്ലാസുകള്‍ എന്നില്‍  ഉറങ്ങിക്കിടന്നിരുന്ന ഉറക്കത്തിനെ ഉത്തേജിപ്പിക്കുവാന്‍ മാത്രമേ ഉപകരിച്ചുള്ളൂ. മലയാളം എനിക്ക് ഇഷ്ടമായിരുന്നുവെങ്കിലും സലീന ടീച്ചറിന്‍റെ 'അദ്ധ്യാത്മരാമായണം' ക്ലാസ്സുകളില്‍ എന്‍റെ താടി ഡെസ്കില്‍ കൂടെക്കൂടെ താളം പിടിക്കുമായിരുന്നു.താളം മുറുകുമ്പോള്‍ ടീച്ചര്‍ എന്നെ എഴുന്നേല്പിച്ചു നിര്‍ത്തും.പൊക്കത്തിന്‍റെ കാര്യത്തില്‍ ഞാനാണ് ഒന്നാമന്‍,എന്‍റെയത്ര പൊക്കമുള്ളവര്‍ ആരും തന്നെ ക്ലാസ്സില്‍ ഇല്ല.എല്ലാവരും എന്നേക്കാള്‍ ഉയരമുള്ളവര്‍.

കുട്ടിക്കാലത്ത് പഠിച്ച ഒരു പാഠം ഓര്‍മ്മ വരുന്നു "അമ്മ എനിക്ക്‌ കാച്ചിയ പാൽ തരും. അതു കുടിക്കാഞ്ഞാൽ അമ്മ കരയും. എന്തിനാണ്‌ അമ്മ കരയുന്നത്‌ ? ഞാൻ അച്ഛനോളം വലുതാകണം. അതാണ്‌ അമ്മയ്ക്ക്‌ ഇഷ്ടം".
ഈ പാഠം ഞാന്‍  വായിക്കുമ്പോള്‍ എന്‍റെ  അമ്മയും കരയും. എന്തിനാണ്  എന്‍റെ അമ്മ  കരയുന്നത് ? അച്ഛനോളം വലുതാകണം അവിടെയാണ് പ്രശ്നം.അച്ഛന് പൊക്കം കുറവാണ്.അമ്മ പ്രാര്‍ത്ഥിച്ചു കാണും  അച്ഛനേക്കാള്‍ വലുതാകട്ടെ എന്‍റെ മകന്‍ എന്ന്.

ഒരു ദിവസം രാവിലെ കോളേജിന്‍റെ മുന്‍വശത്ത്‌ കയ്യും കെട്ടി വായും നോക്കി ഞാന്‍ നില്‍കുമ്പോള്‍,അതാ വരുന്നു  വണ്ണം കുറഞ്ഞു ഉയരമുള്ള ഒരു  സുന്ദരി,അതെ അവള്‍ എന്നെ നോക്കിയാണല്ലോ ചിരിക്കുന്നത്,ആ ചിരി എന്‍റെ തലച്ചോറിന് എത്ര പെട്ടാന്നാണ്  സന്ദേശം കൈമാറിയത്,ഞാന്‍ അറിയാതെ തന്നെ അടുത്തു കിടന്ന ചെറിയ  പാറക്കല്ലില്‍ കയറിനിന്നുപോയി.ഇപ്പോള്‍ മനസ്സിലായില്ലേ എന്‍റെ പൊക്കക്കുറവു എന്നില്‍ ഉണ്ടാക്കിയിരുന്ന അപകര്‍ഷതാബോധം.
അവള്‍ അടുത്തെത്തി ചോദിച്ചു,    
    "സരസമ്മസാറിന്‍റെ മകനല്ലേ?".തെല്ല് അഭിമാനം തോന്നിയെങ്കിലും  നഷ്ടപ്പെടാന്‍ പോകുന്ന ഒരു പ്രണയം,ഉത്തരം "അതെ"എന്ന ഒറ്റവാക്കില്‍ നിര്‍ത്തി.അവള്‍ തുടര്‍ന്നു ,
    "എന്‍റെ അമ്മയേയും സാറ് പഠിപ്പിച്ചിട്ടുണ്ട്,കുട്ടിയുടെ  അച്ഛന്‍ നാലുമുക്കില്‍ പൂക്കടയുള്ള ആളല്ലേ ..എന്‍റെ  അച്ഛന്‍റെ കൂട്ടുകാരനാ".

ഞാന്‍ പതിയെ കല്ലില്‍ നിന്നും താഴെയിറങ്ങി.ഇനി എന്തു പ്രണയം .
അതെ ഞാന്‍ സരസമ്മ സാറിന്റേയും ഭാര്‍ഗ്ഗവന്‍നായരുടെയും  ഏറ്റവും ഇളയമകന്‍ B.S.ദീപ്കുമാര്‍.

ആദികാവ്യം

 ഭാഗം 3.
വസന്തം,മരുഭൂമിയില്‍   വാരിവിതറിയ  വര്‍ണ്ണങ്ങള്‍ പോലെയാണ്   St.xaviers കോളേജിന്‍റെ  പരിസരങ്ങള്‍.കടലിന്‍റെ  തീരത്തായതിനാല്‍  കോളേജ്  കോമ്പൌണ്ട് മുഴുവന്‍ മണലാണ്‌.മനോഹരമായ പൂന്തോട്ടം, വരിവരിയായി വാകമരങ്ങള്‍,പഠനത്തേക്കാള്‍ പ്രണയം വിടര്‍ത്തുന്ന അന്തരീക്ഷം,കടല്‍ത്തീരത്ത് കിടക്കുന്ന വള്ളങ്ങള്‍.കുട്ടികളെ നിങ്ങള്‍ പ്രണയിച്ചു പോകും.

വീണ്ടും എന്തിനാണ് ഇവിടേയ്ക്കു വന്നത്,പാറയില്‍ നിന്നും താഴെയിറങ്ങിയിട്ട്  ദിവസങ്ങള്‍ ഒത്തിരിയായി.എന്‍റെ ചിന്തകളില്‍ അവള്‍ നിറഞ്ഞുനിന്നിരുന്നുവെങ്കിലും , കഥാ നായികയെ പിന്നീട്  കണ്ടതേയില്ല .വെള്ളിയാഴ്ച ദിവസം നമ്മുടെ പൂക്കട  രാവിലെ തുറക്കും,ഞാനാണ്  താക്കോല്‍ കൊണ്ടുകൊടുക്കുന്നത് ,അച്ഛന്‍ പത്തുമണിക്കേ വരൂ.
കട തുറന്നു.ഞാന്‍ ബുക്ക് എടുത്ത് അലമാരയുടെ മുകളില്‍ വയ്ക്കുവാനായി  തിരിഞ്ഞു ,പെട്ടന്ന് എന്‍റെ കണ്ണുകളില്‍ ഒരു മങ്ങള്‍ വ്യാപിച്ചപോലെ,ഒന്നുകൂടി കണ്ണുകള്‍  അടച്ചു തുറന്നു.അതാ  പോകുന്നു ആ ഉയരമുള്ള സുന്ദരി.
പറയാതെ പ്രണയം ഉള്ളിലൊതുക്കിയ കാമുകന്‍റെ ആകാംഷ,എന്നെ  അവളുടെ പിന്നാലെ നടത്തിച്ചു.ഞാന്‍ ഒരു കള്ളനെപ്പോലെ ബസ്സില്‍ ഒളിച്ചു കയറി.ബോര്‍ഡ് പോലും നോക്കാതെ.

ദൈവമേ ഇത് students only ആണല്ലോ! ചുറ്റിലും നോക്കി അതാ നൌഷാദ്,എന്‍റെ കൂടെ പഠിച്ച നൌഷാദ്,അവന്‍ രണ്ടാംവര്‍ഷ കെമിസ്ട്രി ബിരുദ വിദ്യാര്‍ത്ഥി.നമ്മുടെ പഴയ കണ്ടക്റ്റര്‍ തന്നെ.ഞാന്‍ മുന്നിലേയ്ക്ക് നീങ്ങിനിന്നു.വാതിലിലേയ്ക്കാണ് ശ്രദ്ധമുഴുവന്‍.
 അങ്ങനെ വീണ്ടും ഞാന്‍ ആ കോളേജിന്‍റെ മുന്നില്‍  കാലുകുത്തി.ഒളിച്ചൊളിച്ച് അവളുടെ പിന്നാലെ.
ഗേറ്റിനു മുന്നില്‍ നിന്നു കറങ്ങി അവള്‍ അതാ  കടല്‍ത്തീരത്തേയ്ക്ക്,കരയില്‍ കയറ്റിയിട്ടിരിക്കുന്ന വള്ളത്തിന്‍റെ പിറകിലേയ്ക്ക്.അവിടെ  പ്രേംനസ്സീറിനെപ്പോലെ സുന്ദരനായ ഒരു കാമുകന്‍.എന്‍റെ തല കറങ്ങിയില്ല,എനിക്ക് ബോധം നഷ്ടപ്പെട്ടില്ല.എങ്കിലും ഒരു നിരാശ എന്നെ ബാധിച്ചിരുന്നുവോ ! മിക്ക  വള്ളങ്ങളുടേയും മറവില്‍ പലപല പ്രണയലീലകള്‍.അതിരാവിലെ  ഇത്രയും പ്രണയങ്ങളോ!

ഞാന്‍ പ്രേംനസീറിനേയും ഷീലയേയും ഒന്നുകൂടി നോക്കി.അങ്ങനെ എന്‍റെ ആദികാവ്യം ജനിച്ചു."പ്രണയമൊരു കുളിര്‍കാറ്റായ് നിന്നിലേയ്ക്കൊഴുകുമ്പോഴും,അറിയാതെ എന്നിലെ മണിവീണ ഹൃദയ രാഗം പാടുമ്പോഴും"
ഒരു പാഠവും പഠിച്ചു,'ഒരു പെണ്‍കുട്ടി എന്നെ നോക്കി ചിരിച്ചാല്‍ ,അതിനര്‍ത്ഥം അവള്‍ക്കെന്നോട് പ്രേമമാണ് എന്നല്ല.
ഒരു കവിതയെഴുതി ശോകഗാനം പാടിനടക്കാന്‍ എന്‍റെ  മനസ്സ് എന്നെ അനുവദിച്ചില്ല.ആണുങ്ങളേക്കള്‍ പെണ്ണുങ്ങള്‍ കൂടുതലുള്ള ഈ  ലോകത്ത് എന്‍റെ  പുളിയും  പൂക്കുന്ന കാലത്തിനായ് കാത്തിരുന്നു...(തുടരും)

No comments:

Post a Comment