Thursday, 29 October 2015

അനുഭവക്കുറിപ്പുകള്‍  
ഭാഗം 6

ആറ്റിങ്ങല്‍ സ്ബ്ജയിലിലെ ദിനരാത്രങ്ങള്‍ ഭയവും വിഷമവും നിറഞ്ഞതായിരുന്നു.ഇഴഞ്ഞു നീങ്ങുന്ന പകലുകള്‍.സൂര്യപ്രകാശം വീഴുന്ന സ്ഥലങ്ങള്‍ അടയാളങ്ങളാക്കി മുന്‍പേ പോയവര്‍ വരച്ചിട്ടിരിക്കുന്ന സമയമാപിനികള്‍.കൂടെയുള്ള ഏഴുപേര്‍ പലപല കുറ്റകൃത്യങ്ങള്‍ ചെയ്തവര്‍,അവര്‍ക്കിടയില്‍ പുതുമുഖമായി ഞാനും.പുതുതായി വരുന്നവര്‍ക്ക് നടയടിയും പിന്നെ സെല്ലിലെ മുതിര്‍ന്നവരുടെ മൂന്നാംമുറയും.
ദൂരെനിന്നും കേള്‍ക്കുന്ന നിലവിളികള്‍ എന്നില്‍ അസ്വസ്ഥത സൃഷ്ടിച്ചുകൊണ്ടേയിരുന്നു,കാരണം നടയടി കിട്ടിയില്ല,അതിനാല്‍ പിന്നീട് അകലെയുള്ള ഇടുങ്ങിയ മുറിയില്‍ കൊണ്ടുപോകും. അവിടെനിന്നും എന്‍റെ നിലവിളിയും ഈ പരിസരമാകെ മുഴങ്ങും.

ദൂരെനിന്നും വാര്‍ഡന്‍ വരുന്നതു കണ്ട്,അടുത്തുനിന്ന ആള്‍ പറഞ്ഞു. 'ഓ.. ഇവനെ കൊണ്ടുപോകാനാ വരുന്നത്'. എന്‍റെ അടിവയറ്റില്‍ എന്തോഒന്ന്  ആളിക്കത്താന്‍  തുടങ്ങി.അയാള്‍ അടുത്തെത്തി,ഒരു ചെറുപ്പക്കാരന്‍."ആരാടാ  കൊലക്കേസിലെ പ്രതി".ഒരു ഇടിമുഴക്കത്തോടെ ആ ശബ്ദം എന്‍റെ കാതുകളില്‍ പതിച്ചു .എന്നെ ആരോ മുന്നിലേയ്ക്ക് നീക്കി നിര്‍ത്തി.കമ്പിയഴികളില്‍ പിടിച്ച്  ഞാന്‍ നിന്നു.സൂര്യപ്രകാശത്തിന്‍റെ   അടയാളം രേഖപ്പെടുത്തിയിരുന്ന സമയമാപിനിയില്‍ എന്‍റെ നിഴല്‍ വീണ് സമയം നിശ്ചലമായി;എന്‍റെ മനസ്സും. ശബ്ദം വീണ്ടും മുഴങ്ങി  ' ആ നാലുമുക്കിലെ  പൂക്കട നിന്‍റെ.. അച്ഛന്‍റതല്ലായിരുന്നോടാ'.ആ ചോദ്യം തണുത്ത ജലം പോലെ എന്നില്‍ വീണു.അയാള്‍ തുടര്‍ന്നു ,"എന്നെ മനസ്സിലായോ?" ഞാന്‍ ഐറ്റിയേയില്‍ (ITI)പഠിക്കുമ്പോള്‍ നിന്‍റെ കടയിലാ പുസ്തകം കൊണ്ടുവച്ചിരുന്നത്,ങ്ഹൂം..".അയാള്‍ നടന്നുനീങ്ങി.എന്‍റെയുള്ളിലെ  തീയണയ്ക്കുവാന്‍  ആ വാക്കുകള്‍  ധാരാളമായിരുന്നു.നിഴലുകള്‍ക്ക്  വീണ്ടും നീളം വച്ചു തുടങ്ങി.
(ആറ്റിങ്ങലില്‍ കടയുണ്ടായിരുന്നതിനാല്‍ പലര്‍ക്കും എന്നെ അറിയാം .കുട്ടികള്‍  ക്ലാസ്സ്‌ കട്ട്‌ ചെയ്ത് സിനിമകാണാന്‍ പോകുമ്പോള്‍ പുസ്തകങ്ങള്‍ വയ്ക്കുന്നത് നമ്മുടെ കടയുടെ തട്ടിന്‍റെ അടിയില്‍ ആയിരുന്നു.)
എട്ടുപേര്‍  ആ ഇടുങ്ങിയ മുറിയില്‍.അപരിചിതരുമായി ഒരു രാത്രി പോലും കിടന്നിട്ടില്ലാത്ത ഞാന്‍,കക്കൂസിലേയ്ക്കിറങ്ങുന്ന വാതിലിനു സമീപം പായ്(പരമ്പ്) വിരിച്ചു. ഞാന്‍ കിടന്നിരുന്ന  സെല്ലിലെ ഗുണ്ട'ഉണ്ണി'എന്‍റെ അടുത്തുവന്ന്‍ എന്നോട് ചോദിച്ചു,'ബീഡി വലിക്കുമോ?' .ഞാന്‍ 'ഇല്ലാ'യെന്ന്‍ തലയാട്ടി.അവന്‍ തുടര്‍ന്നു,'ആരു ചോദിച്ചാലും വലിക്കുമെന്നേ   പറയാവൂ'.ഞാന്‍ വീണ്ടും തലയാട്ടി.'കാണാന്‍ ബന്ധുക്കളൊക്കെ വരില്ലേ ?' ങ്ഹും' ഞാന്‍ മൂളി. 'കാണാന്‍ ആരു വന്നാലും പറയണം ബീഡി വേണമെന്ന്'ഇല്ലെങ്കില്‍ അറിയാമല്ലോ ,ഇവിടെ ചില ചടങ്ങുകളൊക്കെയുണ്ട്'.ഉണ്ണി ഒരു ബീഡിയെടുത്ത് കൊളുത്തി.
ജയിലറയുടെ വരാന്തയിലൂടെ എഴുപതു വയസ്സിനുമുകളില്‍  പ്രായമുള്ള  ഒരാള്‍ കൂനിക്കൂനി  വന്നു.ഇവിടുത്തെ പാചകക്കാരന്‍ .പീഢനക്കേസിലെ പ്രതി.അയാള്‍ ഒരു  പത്രം അകത്തേയ്ക്ക്  ഇട്ടു. . .എല്ലാവരും കൂടി പത്രം പങ്കുവച്ചു.ആരോ ഒരാള്‍ ഉറക്കെ വായിച്ചു.".........കൊലക്കേസിലെ  പ്രതികള്‍ റിമാന്‍ഡില്‍"               (തുടരും)