Friday, 3 July 2015

  • തപ്ത മാനസ്സര്‍ 

ജാതി ചോദിക്കരുത് എന്നാണ് പ്രമാണം,ഞാന്‍ചോദിച്ചതല്ല,സദാനന്ദന്‍ എന്നോട് പറഞ്ഞതാണ് അയാള്‍ താഴ്ന്ന ജാതിക്കാരനാണെന്ന്.അതിലൊന്നുമല്ല അയാള്‍ക്ക്‌ വിഷമം.വിവാഹപ്രായമെത്തിനില്‍ക്കുന്ന രണ്ടു പെണ്‍കുട്ടികളുടെ പിതാവാണ്,അതും അയാള്‍ക്ക്‌ പ്രശ്നമല്ല. ആരോഗ്യം സംരക്ഷിക്കുവാനുള്ള എന്‍റെ വൈകുംന്നേരങ്ങളിലെ നടത്തത്തിനിടയില്‍ പരിചയപ്പെട്ടതാണ് സദാനന്ദനെ.പേരില്‍മാത്രം ആനന്ദമുള്ള,കറുത്ത് മെലിഞ്ഞ്, തലയിയില്‍ എണ്ണ ധാരാളം പുരട്ടി മുഖത്ത് എപ്പോഴും വിഷാദ ഭാവവുമായി വേഗത്തില്‍ നടക്കുന്ന അയാള്‍ക്ക്‌ എന്തുകൊണ്ടോ എന്നോട് വലിയ സ്നേഹമാണ്.
മക്കളുടെ വിവാഹക്കാര്യം എപ്പോഴും പറയും.ഒന്നും ശരിയാകുന്നില്ല. അതിന് മുഖ്യകാരണം സൗന്ദര്യമാണുപോലും.
'മക്കളൊക്കെ എന്നെപ്പോലെയാ കറുത്തിട്ട്,പെണ്ണുകാണാന്‍ വരുന്നവര്‍ക്കൊന്നും ഇഷ്ടപ്പെടുന്നില്ല'.പിന്നെ സ്ത്രീധനം കൊടുക്കാനും കാശില്ല,ആരുടെയെങ്കിലും കൂടെ ഒളിച്ചോടിപ്പോകുന്നുമില്ലല്ലോ!'
സദാനന്ദന്‍റെ വാക്കുകള്‍ എന്നെ ആശ്ചര്യപ്പെടുത്തിയില്ല,കാരണം ഇതൊക്കെ നമ്മുടെ നാട്ടുവിശേഷങ്ങളാണല്ലോ.
ഇപ്പോള്‍ ഒരു കമ്പിനിയില്‍ ജോലി ചെയ്യുകയാണങ്കിലും,വിസ മറ്റൊരു അറബിയുടെ കീഴിലാണ്,അതുകൊണ്ടുതന്നെ നാട്ടില്‍ പോയി വരാന്‍ വിമാന ടിക്കറ്റ് സ്വന്തം കീശയില്‍ നിന്നും പോകും.
നാട്ടില്‍ പോയി വന്ന സദാനന്ദന്‍ വീണ്ടും ദു:ഖിതനായി കാണപ്പെട്ടു.ഒരച്ഛന്‍റെ വൈകാരിക ഭാവത്തോടെ എന്നോട് ചോദിച്ചു,."നിങ്ങളുടെ നാട്ടിലെങ്ങാനും ഞങ്ങളുടെ ജാതിക്കാരുണ്ടോ?കൂലിപ്പണിയ്ക്ക് പോകുന്നവര്‍ മതി, മൂത്ത മകള്‍ തയ്യല്‍പഠിച്ചിട്ടുണ്ട്"
ഞാന്‍ ഈ വിഷയം എന്‍റെ പ്രിയതമയുമായി ചര്‍ച്ച ചെയ്ത് പരാജയപ്പെട്ടു.ഒടുവില്‍ അവള്‍ തമാശപോലെ പറഞ്ഞ വാക്കുകള്‍ എന്‍റെ മനസ്സിനെ നോവിച്ചുവെങ്കിലും ഞാനതാരോടും പറഞ്ഞില്ല.
വീണ്ടുമൊരു കണ്ടുമുട്ടലില്‍,അല്പം മദ്യലഹരിയിലായിരുന്ന ഞാന്‍,രണ്ടു കറുത്ത സൗന്ദര്യമില്ലാത്ത പെണ്‍മക്കള്‍ ശാപമായി തീര്‍ന്ന ദരിദ്രനായ ഒരു പിതാവിന്‍റെ ആത്മഹത്യാ ചിന്തകളില്‍,ഒരു രക്ഷാമാര്‍ഗ്ഗമെന്നനിലയില്‍,എന്‍റെ ഭാര്യ പറഞ്ഞ തമാശ അയാളോട് പറഞ്ഞു, "ഇന്റര്‍നെറ്റ് കണക്ഷനുള്‍പ്പെടെ രണ്ട് മൊബൈല്‍ ഫോണുകള്‍"
'ചാറ്റി'ങ്ങിനെക്കാള്‍ വേഗത്തില്‍കാലം കടന്നുപോയി.ഓലകെട്ടിയ ചെറിയ വീടിന്‍റെ വരാന്തയില്‍  താടിയില്‍ കയ്യും കൊടുത്ത് ഒരു പ്രതിമപോലെ സദാനന്ദനിരിക്കുന്നു,അകത്തുനിന്നുള്ള ഭാര്യയുടെ ശകാരവര്‍ഷം അയാളില്‍ ഒരു വികാരവും ജനിപ്പിച്ചില്ല, ഗൂഢമായ ഒരു മന്ദസ്മിതം അയാള്‍ ഉള്ളിലൊതുക്കിയിട്ടുണ്ടാവും.ഇളയ മകള്‍ സൗന്ദര്യ ഒളിച്ചോടിപ്പോയിട്ട് പത്തുദിവസ്സം കഴിഞ്ഞിരിക്കുന്നു.വരാന്തയുടെ  മറ്റൊരുകോണില്‍ തയ്യല്‍മെഷീനു പിന്നില്‍ മൂത്ത മകള്‍ ഐശ്വര്യയും സ്വപ്‌നങ്ങള്‍ തുന്നുകയാണ്.
അവളുടെ മൊബൈല്‍ഫോണ്‍ ശബ്ദിച്ചപ്പോള്‍,സദാനന്ദന്‍റെ മുഖത്ത് പറഞ്ഞറിയിക്കാനാവാത്ത ഒരാനന്ദം വന്നുനിറഞ്ഞു.അവള്‍ ഫോണുമായി അകത്തേയ്ക്ക് ഓടി,പെട്ടന്ന് ഒരു തേങ്ങലും പൊട്ടിക്കരച്ചിലും. അയാള്‍ ഞെട്ടി എഴുന്നേറ്റ് മുറിയിലേയ്ക്ക് ചെന്നു.എന്താണ് സംഭവിച്ചതെന്നറിയാതെ ഭാര്യയും ഓടിയെത്തി.അമ്മയെ കെട്ടിപ്പിടിച്ച ഐശ്വര്യയുടെ കരച്ചിലിനിടയില്‍നിന്നും വാക്കുകള്‍ തെന്നിത്തെറിച്ച് വീണു, "അമ്മേ നമ്മുടെ സൗന്ദര്യമോള് തൂങ്ങിമരിച്ചു".
തന്നിലേയ്ക്ക് ചാഞ്ഞ ഭാര്യയേയും മകളേയും താങ്ങിനിര്‍ത്താനാവാതെ സദാനന്ദന്‍ ചുവരിനെ അഭയം പ്രാപിച്ചു.
അടുത്ത ദിവസ്സത്തെ പത്രത്തില്‍ നിന്നുമാണ് ഞാന്‍ ഈ ഞെട്ടിക്കുന്ന വാര്‍ത്ത അറിഞ്ഞത്. ചാറ്റിങ്ങിലൂടെ സൗന്ദര്യ പ്രണയിച്ച ആള്‍, അവളെ ചതിക്കുകയായിരുന്നു.കുറ്റബോധം എന്‍റെ മനസ്സിലും നീറിപ്പിടിച്ചുതുടങ്ങിയെങ്കിലും  ചെറിയ ഒരാശ്വാസം,ഐശ്വര്യ തന്‍റെ മൊബൈല്‍ഫോണ്‍ ഭിത്തിയില്‍ എറിഞ്ഞു പൊട്ടിച്ചു എന്നുള്ളതാണ്.ചിതറിക്കിടക്കുന്ന കഷണങ്ങളെ നോക്കി സദാനന്ദന്‍ നെടുവീര്‍പ്പിടുന്നുണ്ടാവാം?

★★★★★★★★★★★★★★★-★★★★★★★★★★★★★★★-★★★★★★★★★★★★★★★



No comments:

Post a Comment