Wednesday, 13 February 2019

ഒടുവിലീയാത്രതന്‍
```````````ദീപു ആറ്റിങ്ങല്‍
വ്രീളാഭരിതയായ് വീണ്ടുമൊരു പുലർവേള
കൺചിമ്മിയുണർന്നു.ഓര്‍മ്മകള്‍ പിന്നിലേക്ക് പോകുമ്പോള്‍ പൂവും പ്രസാദവും നീട്ടി ആരോ നില്ക്കുന്നു. എന്‍റെ മനസ്സില്‍, എന്‍റെ നെഞ്ചില്‍ ഏതോ വിഷാദം വിതുമ്പി.എങ്കിലും
പൊല്‍ത്തിങ്കള്‍ക്കല പൊട്ടുതൊട്ടഹിമവല്‍ശൈലാഗ്രശൃംഗത്തില്‍,
വെണ്‍കൊറ്റപ്പൂങ്കുടപോല്‍ വിടര്‍ന്നവിമലാകാശാന്തരംഗങ്ങളില്‍നിന്നും ഒരു രാഗം കേള്‍ക്കുന്നില്ലേ.
നിറങ്ങള്‍ നൃത്തംചെയ്യുന്നു,സ്വരങ്ങള്‍ അമൃതംപെയ്യുന്നു
ഹിമവാഹിനിയുടെ ഹൃദയവിപഞ്ചിയൊരപൂര്‍വ്വരാഗം മൂളുന്നു.
'പെയ്യാത്ത മേഘങ്ങളെ പെയ്യിക്കുവാനായ്, മേഘരാഗം പാടി ആ ഗായകന്‍ വീണ്ടും വരുമോ ?
ഇല്ല പക്ഷേ നമ്മുടെയൊക്കെ മനസ്സില്‍ ആ ഗായകന്‍ പാടിക്കൊണ്ടേയിരിക്കും ,ആചന്ദ്രകാലം.
'നീ വരൂ കാവ്യദേവതേ,നീലയാമിനി തീരഭൂമിയില്‍
നീറുമെന്‍ ജീവനില്‍ കുളിരുമായി നീ വരൂ വരൂ എന്ന് പാടിവിളിച്ചപ്പോള്‍,മടികൂടാതെ വന്ന കാവ്യദേവത എന്നും ഒപ്പമുണ്ടായിരുന്നു.
സൗരയൂഥത്തില്‍ വിടര്‍ന്നൊരു കല്ല്യാണസൗഗന്ധികം,അതിന്‍റെ സൗരഭം നുകര്‍ന്നമലയാളികള്‍ എന്തുവിളിക്കും എന്ന സംശയമാണ് .'ആരും പാടാത്ത പാട്ടിന്റെ മാധുര്യമെന്നോ,ചൂടാത്ത പൂവിന്റെ നിശ്വാസമെന്നോ,എന്നെന്നും തളിര്‍ക്കുന്ന സൌന്ദര്യമെന്നോ,എന്‍ ആത്മ സംഗീതമെന്നോ...?
പ്രിയകവി ഇപ്പോള്‍ ,'അറിയാത്തമാണിക്യ മതിലകത്ത്
അരുമയായി പാടുകയായിരിക്കും അല്ലേ ?
നമ്മുടെ മനസ്സാകുന്ന കല്ലിനുള്ളിലെ ഉറവയെയുണര്‍ത്തി, കുളിരരുവിയെ, ലല്ലലമൊഴുക്കി , കല്ലുമലിയുന്ന പാട്ടു ചുരത്തുവാന്‍ പാകപ്പെടുത്തി ,സ്നേഹത്തിന്‍റെ ചെല്ലക്കുടവും തന്നിട്ട് എവിടേക്കാണ് പോയത്?
മനസ്സിന്റെ താളുകള്‍ക്കിടയില്‍ ഞാന്‍ പണ്ടൊരു
മയില്‍പ്പീലിയൊളിച്ചുവച്ചു.അത് അങ്ങയുടെ ഗാനങ്ങളായിരുന്നു,കവിതകളായിരുന്നു.
എന്റെ സൂര്യന്‍ എരിഞ്ഞടങ്ങി ഈ
സന്ധ്യതന്‍ സ്വര്‍ണ്ണമേടയില്‍,എങ്കിലും
കവിതകളുടെ കുങ്കുമപ്പാടം ഇപ്പോഴും പൂത്തുവിടര്‍ന്നുനില്ക്കുന്നു.
ഋതുരാജരഥത്തില്‍ കവി എങ്ങോട്ടോ പോയി,നമ്മുടെ ഹൃദയത്തിലെ മധുശാലയിലെ ശരറാന്തലുകള്‍ കൊളുത്തി,പ്രണയത്തിന്‍റെ മധുപാത്രം നിറച്ചുതന്നിട്ട് എങ്ങോട്ടോ എങ്ങോട്ടോ പോയി.
ഒടുവിലീയാത്രതന്നൊടുവിലെന്‍ നിഴലിന്റെ
മടിയില്‍ ഞാനൊരുനാള്‍ തളര്‍ന്നുവീഴും
ഒരുപിടിയോര്‍മ്മകള്‍ മുകര്‍ന്നുഞാന്‍ പാടും
ഒരുഗാനം ഈ ഹംസഗാനം. ഹംസഗാനം പാടി എവിടേക്കാണ് പോയത്.
മൃതിയുടെ ചുംബനമേല്ക്കെ ഇനിയൊരുഷസ്സിന്റെ തേരൊലി കേള്‍ക്കുവാന്‍ കാത്തുനില്ക്കാതെ ,''എവിടെയാ വാഗ്ദത്തഭൂമി എവിടെയാ സൗവര്‍ണ്ണഭൂമി അവിടേക്ക് ......പോയിമറഞ്ഞു.
വിപഞ്ചികേ....
വിപഞ്ചികേ.. വിടപറയും മുന്‍പൊരു
വിഷാദ ഗീതം കൂടി ......