Saturday, 11 July 2015

അനുഭവക്കുറിപ്പുകള്‍ തുടരുന്നു

അര്‍ദ്ധവിരാമം; ദീപു ആറ്റിങ്ങല്‍ 

(അനുഭവക്കുറിപ്പുകള്‍ ,ഭാഗം 4.)
ശാരീരികമായ അസ്വസ്ഥത ഇപ്പോള്‍  എന്‍റെ മനസ്സിനേയും ബാധിച്ചിരിക്കുന്നു.പ്രണയകഥകള്‍ക്ക് ഒരു  അര്‍ദ്ധവിരാമം;
ഇപ്പോള്‍  എഴുതാനേ തോന്നുന്നില്ല.വിജയത്തിന്‍റെ ചവിട്ടുപടികള്‍  വീണ്ടും ഞാന്‍  രണ്ടുപ്രാവശ്യം കയറി.മനസ്സിലായില്ല,അല്ലെ !വെറും മൂന്നുവര്‍ഷംകൊണ്ട് ബിരുദം സമ്പാദിക്കാനൊന്നും എനിക്ക് താല്പര്യമില്ലായിരുന്നു.പരാജയം വിജയത്തിന്‍റെ ചവിട്ടുപടിയെന്നാണല്ലോ.
ലോകത്തില്‍ ഏറ്റവും കൂടുതല്‍ ടൂട്ടോറിയല്‍ കോളേജുകളുള്ള ആറ്റിങ്ങലിന്‍റെ, ഹൃദയഭാഗത്ത് പൂക്കളുടെ മണമൊഴുകുന്ന  പൂക്കടയുള്ള  ഒരച്ഛന്‍റെ മകന്‍ കാമദേവന്‍ ആയില്ലെങ്കിലേ അത്ഭുതമുള്ളു.കടയുടെ പേരോ"സൌഗന്ധികാ ഫ്ലവര്‍മാര്‍ട്ട്".
പൂക്കളും പൂമ്പാറ്റകളും പാറി നടക്കുന്ന കോളേജ്റോഡ്‌,അതുകൊണ്ടുതന്നെ സമകാലീന രാഷ്ട്രീയ സാമൂഹിക പശ്ചാത്തലം എനിക്ക് അന്യമായിരുന്നു.അച്ഛന് പെട്ടന്ന്  അസുഖം വന്നപ്പോള്‍ എന്തുചെയ്യണമെന്നറിയാതെ പകച്ചുനിന്നുപോയി.
    ആറുമാസം മുന്‍പ് ചേച്ചി, ഒരു ടെസ്റ്റ്‌ എഴുതുവാന്‍ എറണാകുളത്തേയ്ക്ക് പോയപ്പോള്‍ ബസ് ഒരു ലോറിയുമായി കൂട്ടിയിടിച്ചു.ബസ്സില്‍ ഇരുന്ന് ഉറങ്ങിയ അച്ഛന്‍റെ ,മൂക്ക്  മുന്‍വശത്തെ കമ്പിയില്‍ ഇടിച്ചു. ഉറക്കത്തിന്‍റെ കാര്യത്തിലും  അച്ഛന്‍റെ മകന്‍ തന്നെയാണ് ഞാനും.ആറുമാസങ്ങള്‍ക്കുശേഷം മൂക്കില്‍ നിന്നും ചോര വന്നപ്പോള്‍ ഞങ്ങള്‍ കരുതി അന്നത്തെ ഇടിയുടെ ആഘാതം ആയിരിക്കുമെന്ന്.
പക്ഷേ  *പുലയനാര്‍കോട്ടയിലെ തുറന്ന വാര്‍ഡുകളില്‍ കിടന്ന  അച്ഛന്‍റെ മനസ്സില്‍, പഴയകാല സൌഹൃദങ്ങള്‍  തുരുമ്പെടുത്ത കത്തികൊണ്ടുള്ള  മുറിവുകള്‍ പോലെ, വൃണമൊലിപ്പിച്ചുകൊണ്ടിരുന്നു.നാട്ടിലെ പരോപകരിയെ കാണാന്‍ ആരും വന്നില്ല.ഒന്നു രണ്ടുപേര്‍ മാത്രം ,ആറ്റിങ്ങല്‍ മുനിസിപ്പല്‍ കൌണ്‍സിലര്‍ രാമന്‍കുട്ടി മിക്കദിവസങ്ങളിലും  വരുമായിരുന്നു.പിന്നെ അടുത്ത സുഹൃത്ത് ഫസില്‍.അച്ഛന്‍ കിടക്കയില്‍ രക്തം ഛര്‍ദ്ദിച്ചു മരിക്കുമ്പോള്‍ ഞാന്‍ അടുത്തുണ്ടായിരുന്നു.എന്‍റെ കണ്ണില്‍ നിന്നും ഒരു തുള്ളി കണ്ണുനീരും വീണില്ല.ആ ദിവസങ്ങളില്‍ എന്നെ ആത്മാര്‍ത്ഥമായി പ്രണയിച്ച ഒരു പെണ്‍കുട്ടി ഉണ്ടായിരുന്നു.ശ്രീകുമാരി,അവള്‍ ഏങ്ങിയേങ്ങി കരഞ്ഞു.
അച്ഛന്‍റെ ജീവനില്ലാത്ത ശരീരവുമായി ഞാന്‍ ആംബുലന്‍സില്‍ വീട്ടിലേയ്ക്ക് പോയി.ഒറ്റയ്ക്ക് കാര്യങ്ങള്‍ എല്ലാം നടത്തിക്കുവാന്‍ എനിക്ക് ധൈര്യം തന്നത് ആരാണ്?അറിയില്ല.അച്ഛന്‍റെ മരണശേഷം ബന്ധുക്കള്‍ എല്ലാവരും പിരിഞ്ഞു പോയി.നമ്മള്‍ തീര്‍ത്തും ഒറ്റപ്പെട്ടു.എന്‍റെ ജീവിതത്തില്‍ പുതിയ ഒരദ്ധ്യായം തുറക്കപ്പെട്ടു. ഇതുവരെയുള്ളവയ്ക്ക് എല്ലാം ഒരര്‍ദ്ധവിരാമം;

നിയന്ത്രിക്കാന്‍ ആരും ഇല്ലാതെ, ഞാന്‍ വിശാലമായ ലോകത്തിലേയ്ക്ക്  ചരടുപൊട്ടിയ പട്ടം പോലെ പാറിനടന്നു.
*തിരുവനന്തപുരം മെഡിക്കല്‍കോളേജിന്‍റെ അടുത്തുള്ള ഒരു ആശുപത്രി.

മാനസാന്തരം 

("അനുഭവക്കുറിപ്പുകള്‍" തുടരുന്നു, ,ഭാഗം 5)

 അച്ഛന്‍റെ  മരണം എന്‍റെ മനസ്സില്‍ വലിയ ആഘാതങ്ങളൊന്നും സൃഷ്ടിച്ചില്ലായെങ്കിലും അമ്മയൊരു നൊമ്പരമായി എവിടെയൊക്കയോ കുത്തിവലിക്കുന്നുണ്ടായിരുന്നു.എന്നിട്ടും നേരായായ വഴിയിലൂടെ സഞ്ചരിക്കുവാന്‍ കഴിയാതെപോയി,അല്ലെങ്കില്‍ തെറ്റ് ഏത് ശരി ഏത് ? അന്നത്തെ എന്‍റെ യാത്രകള്‍ എനിക്ക് ശരിയായിരുന്നിരിക്കും.കൂട്ടുകാര്‍ തെളിച്ച പാതകള്‍ നിറമുള്ള വെളിച്ചം വിതറിയവയാ യിരുന്നു,ആകാശത്തോളം പറന്നുയരാന്‍ ലഹരിമരുന്നുകള്‍ക്ക് കഴിയുമായിരുന്നു.ആറ്റിങ്ങല്‍ കോളേജ് കോമ്പൌണ്ടില്‍ ഒരു കാവുണ്ടായിരുന്നു, ഒരിക്കല്‍ മാത്രം കഞ്ചാവിന്‍റെ പുകച്ചുരുളുകള്‍ മനസുമായി  ഇണചേര്‍ന്ന് നാഗങ്ങളെപ്പോലെയായി.എന്തുകൊണ്ടോ പിന്നീടൊരിക്കലും ആ ലഹരി എനിക്കൊരു ലഹരിയായി മാറിയില്ല.

കാവിലെ വള്ളിപ്പടര്‍പ്പുകളില്‍ ഒളിച്ചുവച്ചിരിക്കുന്ന ഗ്ലാസില്‍ നിറയുന്ന മദ്യം കൂട്ടുകാരോടൊത്ത് നുണയുമ്പോള്‍ ജീവിതത്തിന്‍റെ താളം തെറ്റുന്നത് ഞാന്‍ അറിഞ്ഞിരുന്നില്ല.അച്ഛന്‍റെ മരണശേഷം മൂന്നു വര്‍ഷത്തോളം പൂക്കട ഞാന്‍ നോക്കി നടത്തി.മിക്കരാത്രി കളിലും വീട്ടില്‍  പോകുകയില്ലായിരുന്നു.എന്തെങ്കിലും കള്ളം പറഞ്ഞ് അമ്മയേയും ചേച്ചിയെയും പറ്റിക്കുമായിരുന്നു.

ആയിടക്കാണ് ഞാന്‍ കഥകളും കവിതകളും എഴുതിത്തുടങ്ങിയത്.പിന്നെ തലങ്ങും വിലങ്ങും പ്രണയവും .ചേച്ചിയുടെ പഴയ പുസ്തകങ്ങള്‍ അടുക്കി വയ്ക്കുന്ന കൂട്ടത്തില്‍  എനിക്ക് കിട്ടിയ  നിധിയാണ്‌ 'വയലാറിന്‍റെ സര്‍ഗ്ഗസംഗീതം '.എന്‍റെ ജീവിതത്തിന് ചില മാറ്റങ്ങള്‍ സംഭവിച്ചുതുടങ്ങി.എഴുത്തും വായനയും ,പിന്നെ എന്‍റെ അമ്മ പാടികേള്‍പ്പിക്കുന്ന ശ്ലോകങ്ങള്‍,ചങ്ങമ്പുഴയുടെ 'സ്വരരാഗസുധ'.എംടി,മുകുന്ദന്‍ ,ഓ വി വിജയന്‍ തുടങ്ങി പലരുടേയും നോവലുകള്‍.
എനിക്ക് ഏറ്റവും ഇഷ്ടം തിരക്കഥ എഴുതുവാനായിരുന്നു.ആറു  തിരക്കഥകള്‍ ഞാനെഴുതി ,ഒന്നും സിനിമയായില്ല."ഉപനയനം ,ഏകാദശി,ദയാവധം,മാനസാന്തരം,ഇരുളും വെളിച്ചവും,ഒരു പഥികന്‍റെ കഥ.ഒരു സീരിയലിനു വേണ്ടി പതിമൂന്നു ഭാഗങ്ങള്‍ എഴുതി.അതും വെളിച്ചം കണ്ടില്ല,അതിലെ കഥാപാത്രങ്ങള്‍  ദൂരദര്‍ശന്‍ കേന്ദ്രത്തിന്‍റെ ഏതോ കോണില്‍കിടന്ന് തപ്പിത്തടയുകയായിരിക്കും.നേത്ര ചികിത്സ ചെയ്യുന്ന ഒരു പാവം വൈദ്യരുടെ കഥയായിരുന്നു .

അന്നത്തെ കേന്ദ്രമന്ത്രി ശ്രീ.കൃഷ്ണകുമാര്‍ തിരുവനന്തപുരത്ത് വന്നപ്പോള്‍ ബോഡിഗാര്‍ഡ് ആയി നിന്ന ഒരു പോലീസുകാരന്‍ ഉണ്ട്.എന്‍റെ ചേട്ടന്‍റെ കൂട്ടുകാരന്‍.അദ്ദേഹം പിന്നീട് എന്‍റെ കൂട്ടുകാരനായി .പേര് ഞാന്‍ എഴുതുന്നില്ല.മദ്യത്തിന് അടിമയായി ജീവിതം തകര്‍ന്ന്.സസ്പെന്‍ഷനും  പിന്നെ സ്ഥലംമാറ്റവും ഒക്കെയായി.
ഒരു ദിവസം രാത്രി ഒന്‍പത് മണിക്ക് ഞാന്‍ അയാളെ കണ്ടു. കടത്തിണ്ണയില്‍  ഇരിക്കുന്നു.പണ്ടെന്നോ ഞാന്‍ വാങ്ങിക്കൊടുത്ത മദ്യത്തിന്,ഇന്ന് തിരിച്ചു വാങ്ങിത്തരാം എന്നുപറഞ്ഞു.ഞാനും എന്‍റെ രണ്ടു സുഹൃത്തുക്കളും  മനസ്സില്ലാമനസ്സോടെ  കൂടെപോയി.കഥകളും തിരക്കഥകളുമായി നടന്ന എന്‍റെ  ജീവിതത്തില്‍  വീണ്ടും  മാറ്റങ്ങള്‍  സംഭവിച്ചു തുടങ്ങി.  (തുടരും)

1 comment: