Monday, 6 July 2015

കവിത

 "ലോകാ: സമസ്താ:"   

'കണ്ണീര്‍ വാര്‍ന്നു കലങ്ങിയ മിഴിയുമായ്,
മുന്നില്‍ വന്നു നിന്നൊരാ ബാലകന്‍
കയ്യിലാരോ കൊടുത്ത വാക്കത്തിയും
നെഞ്ചി ലെന്നോ പതിപ്പിച്ച ചാപ്പയും '

കോറിയിട്ടൊരാവര്‍ണ ചിത്രത്തില്‍
 മേമ്പൊടിക്കൊരടിക്കുറി പ്പെഴുതുവാന്‍ ,
ഇല്ലെനിക്കൊരു വരിയുമിതുപോലെ;
"ഇന്‍ഡ്യയെന്‍റെ നാടെ"ന്നതല്ലാതെ!

 ചുറ്റിലും വര്‍ണ്ണ പ്രപഞ്ചം വിരിക്കുന്ന
പുഞ്ചിരിക്കുന്ന പുണ്ണ്യനേതാക്കളെ;
നിങ്ങള്‍ നല്‍കിയ വടിയും വെടിക്കോപ്പും
എന്‍റെനാടിന്‍റെ  സമ്പത്ത്സമൃത്തിയായ്‌!

ചോരവീണൊരു  പുതിയ പുഴയെന്‍റെ-
നാടിലൂടഭിമാനമായിട്ടൊഴുകുന്നു!
കരയിലോരോരോ ചെന്നായ്ക്കള്‍ വന്നു-
ചോരനക്കിക്കുടിക്കുന്നിതാര്‍ത്തിയാല്‍ !

പച്ചജീവനെ വെട്ടിയും കുത്തിയും,
നൃത്തമാടിക്കളിക്കുന്നു കോലങ്ങള്‍!
പിഞ്ചുകുഞ്ഞിന്‍ മനസ്സിലോ ജാതീയ;
ചിന്തകള്‍ കൊണ്ടുനിറക്കുന്ന മാനവര്‍!

മാനവത്വം മുറുകെപ്പിടിക്കുന്ന-
മനുജരെ നിങ്ങളൊന്നിച്ചുനില്‍ക്കുമോ?
ചായമില്ലാത്ത കൊടിയുടെ കീഴിലായ്‌;
ചാതുര്‍വര്‍ണ്യം കലരാത്തമനസ്സുമായ്‌!

മണ്ണില്‍ വീഴുമീ കണ്ണുനീരൊപ്പുവാന്‍,
സ്നേഹനൂലുകള്‍ കോര്‍ത്തതൂവാലയും,    
വിണ്ണില്‍ നിന്നുംകടംകൊണ്ട വീണയും,
സ്നേഹതൂലികയുമായൊരാള്‍ വന്നിടും......!? 

No comments:

Post a Comment