Wednesday, 1 July 2015

ഒരു ന്യൂ ജെനറേഷന്‍ കഥ 

   കാളിദാസനും ശകുന്തളയും
    മഞ്ഞുപൊഴിയുന്ന രാവില്‍ സുഖനിദ്രയിലായിരുന്ന കാളിദാസന്‍
എപ്പോഴോ ഞെട്ടിയുണര്‍ന്നു,ശകുന്തള മനസ്സില്‍ മുല്ലവള്ളിപോലെ പടര്‍ന്നുനില്‍ക്കുകയാണ്;
കവി വീണ്ടും എഴുതിത്തുടങ്ങി.  'കണ്വതപോവനത്തില്‍ വിടരാന്‍ വെമ്പിനില്‍ക്കുന്ന മുല്ലമൊട്ടുകളെ നോക്കിനില്‍ക്കുന്ന ശകുന്തള,അല്പം പിന്നിലായി തോഴി അനസൂയ'.ശകുന്തളയെ വര്‍ണ്ണിക്കുവാനുള്ള വാക്കുകള്‍ മനസ്സില്‍ കിടന്ന്‍ തുളുമ്പുന്നു.കവി തന്‍റെ തൂലിക വലിച്ചെറിഞ്ഞു."ഇല്ല സുന്ദരിയായ എന്‍റെ നായികയെ ദുഷ്യന്തന് വലിച്ചുകീറാന്‍ കൊടുക്കില്ല".കവിഹൃദയം കാമുകഭാവങ്ങള്‍ കൈവരിച്ചു,പിന്നെ കണ്വാശ്രമത്തിലേയ്ക്ക് പാഞ്ഞു.  

 സത്യത്തില്‍ ഇപ്പോള്‍ ശകുന്തള സുഖനിദ്രയിലാണ്,വനജ്യോത്സ്നയില്‍ നിന്ന് സുഗന്ധം പരന്നുതുടങ്ങി.ശുക്രനക്ഷത്രം മാഞ്ഞുപോകാനായി കാളിദാസന്‍ കാത്തുനിന്നു.
ആശ്രമവാതില്‍ പതുക്കെതുറക്കപ്പെട്ടു,ഇടതുകയ്യില്‍ കമണ്ഡലുവും വലതുകൈകൊണ്ട്,നീട്ടിവളര്‍ത്തിയ താടിരോമങ്ങള്‍ തടവി,പുറത്തേയ്ക്ക് വന്ന കണ്വമാമുനിയെ കണ്ട് കവി ഭയന്ന് പിന്നിലേയ്ക്ക് മാറി.ത്രികാലജ്ഞാനിയായ മഹര്‍ഷിയുടെ കണ്ണു കളില്‍നിന്നും കോപാഗ്നി ഉയര്‍ന്നു.അദ്ദേഹത്തിന് എല്ലാം മനസ്സിലായി.

"പുരാണം മാറ്റിയെഴുതാന്‍ നീ ആര്!? പോകൂ പോയി ദുഷ്യന്തനെ ഇവിടെ എത്തിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടുപിടിക്കൂ".
ദുഃഖങ്ങള്‍ മനസ്സിന്‍റെ കോണിലൊതുക്കി,കാളിദാസന്‍ മാലിനിനദി ലക്ഷ്യമാക്കി നടന്നു.ശകുന്തള കഥയൊന്നുമറിയാതെ ദര്‍ഭമുന കാലില്‍ കൊള്ളുവാനായി കാത്തുനിന്നു.  

No comments:

Post a Comment