Sunday, 11 September 2016

Thursday, 29 October 2015

അനുഭവക്കുറിപ്പുകള്‍  
ഭാഗം 6

ആറ്റിങ്ങല്‍ സ്ബ്ജയിലിലെ ദിനരാത്രങ്ങള്‍ ഭയവും വിഷമവും നിറഞ്ഞതായിരുന്നു.ഇഴഞ്ഞു നീങ്ങുന്ന പകലുകള്‍.സൂര്യപ്രകാശം വീഴുന്ന സ്ഥലങ്ങള്‍ അടയാളങ്ങളാക്കി മുന്‍പേ പോയവര്‍ വരച്ചിട്ടിരിക്കുന്ന സമയമാപിനികള്‍.കൂടെയുള്ള ഏഴുപേര്‍ പലപല കുറ്റകൃത്യങ്ങള്‍ ചെയ്തവര്‍,അവര്‍ക്കിടയില്‍ പുതുമുഖമായി ഞാനും.പുതുതായി വരുന്നവര്‍ക്ക് നടയടിയും പിന്നെ സെല്ലിലെ മുതിര്‍ന്നവരുടെ മൂന്നാംമുറയും.
ദൂരെനിന്നും കേള്‍ക്കുന്ന നിലവിളികള്‍ എന്നില്‍ അസ്വസ്ഥത സൃഷ്ടിച്ചുകൊണ്ടേയിരുന്നു,കാരണം നടയടി കിട്ടിയില്ല,അതിനാല്‍ പിന്നീട് അകലെയുള്ള ഇടുങ്ങിയ മുറിയില്‍ കൊണ്ടുപോകും. അവിടെനിന്നും എന്‍റെ നിലവിളിയും ഈ പരിസരമാകെ മുഴങ്ങും.

ദൂരെനിന്നും വാര്‍ഡന്‍ വരുന്നതു കണ്ട്,അടുത്തുനിന്ന ആള്‍ പറഞ്ഞു. 'ഓ.. ഇവനെ കൊണ്ടുപോകാനാ വരുന്നത്'. എന്‍റെ അടിവയറ്റില്‍ എന്തോഒന്ന്  ആളിക്കത്താന്‍  തുടങ്ങി.അയാള്‍ അടുത്തെത്തി,ഒരു ചെറുപ്പക്കാരന്‍."ആരാടാ  കൊലക്കേസിലെ പ്രതി".ഒരു ഇടിമുഴക്കത്തോടെ ആ ശബ്ദം എന്‍റെ കാതുകളില്‍ പതിച്ചു .എന്നെ ആരോ മുന്നിലേയ്ക്ക് നീക്കി നിര്‍ത്തി.കമ്പിയഴികളില്‍ പിടിച്ച്  ഞാന്‍ നിന്നു.സൂര്യപ്രകാശത്തിന്‍റെ   അടയാളം രേഖപ്പെടുത്തിയിരുന്ന സമയമാപിനിയില്‍ എന്‍റെ നിഴല്‍ വീണ് സമയം നിശ്ചലമായി;എന്‍റെ മനസ്സും. ശബ്ദം വീണ്ടും മുഴങ്ങി  ' ആ നാലുമുക്കിലെ  പൂക്കട നിന്‍റെ.. അച്ഛന്‍റതല്ലായിരുന്നോടാ'.ആ ചോദ്യം തണുത്ത ജലം പോലെ എന്നില്‍ വീണു.അയാള്‍ തുടര്‍ന്നു ,"എന്നെ മനസ്സിലായോ?" ഞാന്‍ ഐറ്റിയേയില്‍ (ITI)പഠിക്കുമ്പോള്‍ നിന്‍റെ കടയിലാ പുസ്തകം കൊണ്ടുവച്ചിരുന്നത്,ങ്ഹൂം..".അയാള്‍ നടന്നുനീങ്ങി.എന്‍റെയുള്ളിലെ  തീയണയ്ക്കുവാന്‍  ആ വാക്കുകള്‍  ധാരാളമായിരുന്നു.നിഴലുകള്‍ക്ക്  വീണ്ടും നീളം വച്ചു തുടങ്ങി.
(ആറ്റിങ്ങലില്‍ കടയുണ്ടായിരുന്നതിനാല്‍ പലര്‍ക്കും എന്നെ അറിയാം .കുട്ടികള്‍  ക്ലാസ്സ്‌ കട്ട്‌ ചെയ്ത് സിനിമകാണാന്‍ പോകുമ്പോള്‍ പുസ്തകങ്ങള്‍ വയ്ക്കുന്നത് നമ്മുടെ കടയുടെ തട്ടിന്‍റെ അടിയില്‍ ആയിരുന്നു.)
എട്ടുപേര്‍  ആ ഇടുങ്ങിയ മുറിയില്‍.അപരിചിതരുമായി ഒരു രാത്രി പോലും കിടന്നിട്ടില്ലാത്ത ഞാന്‍,കക്കൂസിലേയ്ക്കിറങ്ങുന്ന വാതിലിനു സമീപം പായ്(പരമ്പ്) വിരിച്ചു. ഞാന്‍ കിടന്നിരുന്ന  സെല്ലിലെ ഗുണ്ട'ഉണ്ണി'എന്‍റെ അടുത്തുവന്ന്‍ എന്നോട് ചോദിച്ചു,'ബീഡി വലിക്കുമോ?' .ഞാന്‍ 'ഇല്ലാ'യെന്ന്‍ തലയാട്ടി.അവന്‍ തുടര്‍ന്നു,'ആരു ചോദിച്ചാലും വലിക്കുമെന്നേ   പറയാവൂ'.ഞാന്‍ വീണ്ടും തലയാട്ടി.'കാണാന്‍ ബന്ധുക്കളൊക്കെ വരില്ലേ ?' ങ്ഹും' ഞാന്‍ മൂളി. 'കാണാന്‍ ആരു വന്നാലും പറയണം ബീഡി വേണമെന്ന്'ഇല്ലെങ്കില്‍ അറിയാമല്ലോ ,ഇവിടെ ചില ചടങ്ങുകളൊക്കെയുണ്ട്'.ഉണ്ണി ഒരു ബീഡിയെടുത്ത് കൊളുത്തി.
ജയിലറയുടെ വരാന്തയിലൂടെ എഴുപതു വയസ്സിനുമുകളില്‍  പ്രായമുള്ള  ഒരാള്‍ കൂനിക്കൂനി  വന്നു.ഇവിടുത്തെ പാചകക്കാരന്‍ .പീഢനക്കേസിലെ പ്രതി.അയാള്‍ ഒരു  പത്രം അകത്തേയ്ക്ക്  ഇട്ടു. . .എല്ലാവരും കൂടി പത്രം പങ്കുവച്ചു.ആരോ ഒരാള്‍ ഉറക്കെ വായിച്ചു.".........കൊലക്കേസിലെ  പ്രതികള്‍ റിമാന്‍ഡില്‍"               (തുടരും)

Saturday, 12 September 2015

deepakkaazhchakal.blogspot.com: ."എന്‍റെ വെളിച്ചം കാണാത്ത തിരക്കഥകള്‍" -ദീപു ആറ്...

deepakkaazhchakal.blogspot.com:

."എന്‍റെ വെളിച്ചം കാണാത്ത തിരക്കഥകള്‍" -ദീപു ആറ്...
: ."എന്‍റെ വെളിച്ചം കാണാത്ത തിരക്കഥകള്‍" -ദീപു ആറ്റിങ്ങല്‍  ✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍ എനിക്ക് സിനിമയുടെ ബാലപാ...

Thursday, 10 September 2015



."എന്‍റെ വെളിച്ചം കാണാത്ത തിരക്കഥകള്‍" -ദീപു ആറ്റിങ്ങല്‍ 

✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍
എനിക്ക് സിനിമയുടെ ബാലപാഠങ്ങള്‍ പറഞ്ഞു തന്ന ശ്രീ.ടി കെ രാജീവ് കുമാർ.(ചാണക്യന്‍, ക്ഷണക്കത്ത്,മഹാനഗരം..സംവിധായകന്‍)*ജി എസ് പണിക്കർ.*ശ്രീ.സുരേഷ്ബാബു ശ്രീ.ഗോപിതമ്പി സര്‍, ശ്രീ.മഹേഷ്‌ മിത്ര,ശ്രീ.ബാലുനാരായണന്‍,ഞങ്ങളുടെ പ്രീയപ്പെട്ട ശ്രീ. Chandu Nairസര്‍ എല്ലാവരേയും ഈ അവസരത്തില്‍ ഓര്‍ക്കുന്നു.
.തിരക്കഥയുടെ ബാലപാഠങ്ങള്‍ പഠിക്കാം.തിരക്കഥയില്ലാതെ ഷൂട്ട്‌ ചെയ്തു ഷോര്‍ട്ട് ഫിലിം ഇറക്കുന്ന കാലമാണിത്.അതുകൊണ്ടുതന്നെ തിരക്കഥയുടെ പ്രസക്തി നഷ്ടപ്പെടുന്നു.ചില ചെറിയ വിദ്യയിലൂടെ നിങ്ങള്‍ക്കും എഴുതാം .സിനിമകള്‍ കണ്ട് കണ്ട് എല്ലാവരുടേയും മനസ്സില്‍ ഏകദേശ ധാരണയുണ്ടാകുമല്ലോ.അതും കുറച്ച് സാങ്കേതികവശങ്ങളും കൂടി മനസ്സിലാക്കൂ.നിങ്ങള്‍ നല്ല നിരീക്ഷണപാടവമുള്ള ആളാണോ? നിങ്ങളുടെ സങ്കല്പ്പങ്ങള്‍ വിശാലമായ കാന്‍വാസിലേയ്ക്ക് കൊണ്ടുവരൂ. ഒരു ചതുരത്തിലേയ്ക്ക് ആവാഹിക്കൂ,വായനക്കാരെ നിങ്ങളോടൊപ്പം നടത്തിക്കൂ .എങ്കില്‍ നിങ്ങള്‍ക്ക് വിജയിക്കാം.കഥയില്‍ ചോദ്യമില്ല.പക്ഷേ തിരക്കഥയില്‍ ചോദ്യമുണ്ട്.ഏത് കഥയായാലും ,ആളുകള്‍ വിശ്വസിക്കുന്ന രീതിയില്‍ എഴുതുക. ആദ്യം മനസ്സില്‍ ഒരു കഥ രൂപപ്പെടുത്തൂ.അതിലെ മുഖ്യകഥാപാത്രങ്ങളെ അവരുടെ വഴിയെ സഞ്ചരിക്കാന്‍ വിടുക. അവരുടെ സഞ്ചാരപഥങ്ങളില്‍ കണ്ടുമുട്ടുന്ന മാറ്റുകഥാപാത്രങ്ങള്‍,സംഭവങ്ങള്‍ ഒക്കെ പിന്നാലെ വന്നുകൊള്ളും.(അതായത് കഥയെഴുതിക്കൊണ്ടിരിക്കുമ്പോള്‍ പെട്ടന്ന് ചില പ്രത്യേക കഥാപാത്രങ്ങളെ കൂട്ടിച്ചേര്‍ക്കേണ്ടിവരും. കഥയുടെ മുന്നോട്ടുള്ള പോക്കിന് ആ കഥാപാത്രങ്ങള്‍ ഒരു അവശ്യഘടകം ആയി മാറുകയും ചെയ്യാം.
തിരക്കഥ എഴുതുവാനുള്ള രൂപരേഖയാണ് താഴെ കൊടുത്തിരിക്കുന്നത് . അത് നോക്കി എഴുതിയാല്‍ മതിയാകും.ഇവിടെ അങ്ങനെ എഴുതുവാന്‍ കഴിയില്ല.
പേപ്പറിന്‍റെ ഇടതു വശത്ത്‌ കഥാപാത്രങ്ങളുടെ വിവരണങ്ങളും അവര്‍ ചെയ്യുന്ന സംഭവങ്ങളും ,വലതുവശത്തായി സംഭാഷണങ്ങളും എഴുതുക .മുകളില്‍ കുറച്ചു സ്ഥലം ഒഴിച്ചിടുക .രണ്ടു മൂന്നു വരികള്‍.
പലരും പലരീതിയില്‍ ആണ് എഴുതുന്നത്‌ ,ക്യാമറയുടെ ചലനങ്ങളോ സാങ്കേതിക നിര്‍ദ്ദേശങ്ങളോ എഴുതണമെന്നില്ല .ഞാന്‍ ചിലപ്പോഴെല്ലാം ക്യാമറയുടെ നീക്കങ്ങളും എഴുതാറുണ്ട്.സംഭാഷണങ്ങള്‍ക്ക് സംസാരഭാഷ തന്നെ ഉപയോഗിക്കുക. ഈ കൊടുത്തിരിക്കുന്ന മോഡലില്‍ സംസാര ഭാഷ അത്രയ്ക്ക് വന്നിട്ടില്ല. ഇത് എന്‍റെ കോളേജ് വിദ്യാഭ്യാസം കഴിഞ്ഞ സമയത്ത് എഴുതിയതാണ്.1996-ല്‍ .
സീന്‍ നമ്പരും സമയവും, INT എന്നത് (Interior)(അകത്തുള്ള ദൃശ്യം) EXT എന്നത് (Exterior) പുറത്തുള്ള ദൃശ്യം എന്നതിനെ സൂചിപ്പിക്കുന്നു. സംഭവം നടക്കുന്ന സ്ഥലം,ആ സീനില്‍ വരുന്ന കഥാപാത്രങ്ങള്‍ വലതു വശത്ത്‌ മുകളിലായി എഴുതിയിരിക്കുന്നു.
ഇനി സംശയമുള്ള ചുരുക്കെഴുത്തുകള്‍ അതാത് സന്ദര്‍ഭങ്ങളില്‍ പറഞ്ഞുതരാം.
ഓര്‍ക്കുക ശക്തമായ ഒരു തിരക്കഥയിലൂടെയാണ് നല്ല സിനിമ പിറക്കുന്നത്‌.നാളെ മുതല്‍ മൈഡ് വിസ. സ്നേഹത്തോടെ ..ദീപു ആറ്റിങ്ങല്‍

Tuesday, 4 August 2015

                      റേഷന്‍കാര്‍ഡ്‌  -കഥ 

വര്‍ഷങ്ങള്‍ക്കു മുമ്പ് റേഷന്‍കാര്‍ഡ്‌ പുതുക്കിയപ്പോള്‍ മകന്‍റെ  ജോലി വിദേശം എന്നാണ് അമ്മ പറഞ്ഞുകൊടുത്തത്.ഇപ്പോള്‍ മകന്‍ വിവാഹം കഴിഞ്ഞു രണ്ടു കുട്ടികളുടെ പിതാവായി,നല്ല ഒരു വീടും വച്ച് പുതിയ കാറും വാങ്ങി.വര്‍ഷംതോറും നാട്ടില്‍ പോയിവരികയും     ചെയ്യുന്നു.ഭാര്യയുടെ  പേരിലുള്ള  വീട് ചില്ലറ മിനുക്കുപണിയൊക്കെ ചെയ്ത്  വാടകക്കാരെയും കാത്തുകിടപ്പാണ്.ഒന്നുരണ്ടുപേര്‍  വന്നുനോക്കി,അയ്യായിരം രൂപയ്ക്കാണ് തൊട്ടു താഴത്തെ  വീട് കൊടുത്തിരിക്കുന്നത്.
         ഇനി പുതിയ റേഷന്‍കാര്‍ഡ്‌ എടുക്കണമെന്നു പറഞ്ഞു ഭാര്യ നിര്‍ബന്ധിപ്പിക്കുന്നു.കടമ്പകള്‍ ഏറെയുണ്ട് കടക്കാന്‍.ആദ്യം മുനിസിപ്പാലിറ്റിയില്‍ നിന്നും വീടിന്‍റെ കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് വാങ്ങി,ഭര്‍ത്താവ് വിദേശത്താണെന്ന് പറഞ്ഞാല്‍ വാര്‍ഷിക വരുമാനം കൂടുതലാവും.
അടുത്തത്  വില്ലേജോഫീസ്.ഞാന്‍ റെഡിയായി പുറത്തേയ്ക്കിറങ്ങിയപ്പോള്‍ ഭാര്യയുടെ ചോദ്യം,"ഇതെവിടെയ്ക്കാ അണിഞ്ഞൊരുങ്ങി സിനിമേല്‍ അഭിനയിക്കാന്‍ പോകുന്നോ?!.
"വില്ലേജ്‌ ഓഫീസില്‍ പോകണമെന്നല്ലേ നീ പറഞ്ഞത്" എന്‍റെ മറുപടി കേട്ട് അവള്‍ ചിരിച്ചു കൊണ്ട് പറഞ്ഞു,"മനുഷ്യാ ഇത്രേം നല്ല ഡ്രസ്സില്‍ പോയാല്‍ വരുമാനം കൂടും,ദേ ഒരു പഴയ ഷര്‍ട്ടും ലുങ്കിയും എടുത്തിട്ടോണ്ട് വാ".
എന്‍റെ മൊബൈല്‍  ശബ്ദിച്ചു,"അവനന്‍ കുരുക്കുന്ന കുരുക്കഴിച്ചെടുക്കുമ്പോള്‍ ഗുലുമാല്‍ ......."ഒരു മിസ്സ്ഡ് കോള്‍.
"നശിച്ച  ഒരു  റിംഗ് ട്യൂണ്‍...പിന്നെ ഈ  മൊബൈലും കിബൈലും ഒന്നും എടുക്കണ്ട,ഇതൊക്കെ കണ്ടാല്‍ വരുമാനം  വീണ്ടും കൂടും പറഞ്ഞേയ്ക്കാം".ഭാര്യയുടെ അസംതൃപ്തമായ മുഖഭാവം.
"കയ്യിലിരിക്കട്ടെ,അവിടെവച്ച് ബെല്ല് കേട്ടാലും എടുക്കില്ല പോരെ..."
പുതിയ മാരുതി സ്വിഫ്റ്റ്‌ വില്ലേജ്‌ ഓഫീസിന്‍റെ മുന്നില്‍ നിന്നും കുറച്ചു മുന്നിലേയ്ക്ക് മാറ്റി നിര്‍ത്തി,ഭാര്യ ഇറങ്ങിപ്പോയി,അല്പം കഴിഞ്ഞ് തിരികെ വന്നു.എന്നെ ഓഫീസര്‍ക്ക്‌ കാണണം,ഞാന്‍ ഭവ്യതയോടെ അദ്ദേഹത്തിന്‍റെ മുന്നില്‍, ഭാര്യ പറഞ്ഞതുപോലെ അഭിനയിച്ചു കാണിച്ചു.ഗള്‍ഫില്‍ നിന്നും വന്നിട്ട് നാളുകുറേയാ  യെന്നും ഇപ്പോള്‍ ഒരു പൂക്കടയില്‍ ജോലിക്കു പോകുകയാണെന്നും വലിയ ബുദ്ധിമുട്ടാണെന്നും പറഞ്ഞു.എന്‍റെ അഭിനയത്തിന് ഓസ്കാര്‍ അവാര്‍ഡ്‌ കൊടുക്കണം എന്ന ഭാര്യയുടെ അഭിപ്രായം എന്നെ ഏതോ സ്വപ്ന ലോകത്തില്‍ എത്തിച്ചു.  
       റീലുകള്‍ വീണ്ടും ഓടികൊണ്ടിരുന്നു,മാസവരുമാനം ആയിരത്തിയഞ്ഞൂറ് രൂപയാക്കി  വില്ലേജ്‌ ഓഫീസര്‍ എഴുതിത്തന്നു,ലോക്കേഷന്‍ സപ്ലൈ ഓഫീസിലേയ്ക്ക് മാറ്റി. ഓഫീസര്‍ പുതിയ ആളാ,ഭാഗ്യം ഈ നാട്ടുകാരനല്ല.കൈക്കൂലി വാങ്ങാത്ത ആളാണെന്നാണ് പൊതുവേയുള്ള അഭിപ്രായം.അദ്ദേഹം  എല്ലാം പേപ്പറുകളിലും ഒപ്പിടുമ്പോള്‍ ,"അവനന്‍ കുരുക്കുന്ന കുരുക്കഴിച്ചെടുക്കുമ്പോള്‍ ഗുലുമാല്‍ ....." ഭാര്യ എന്‍റെ മുഖത്തേയ്ക്ക് രൂക്ഷമായി നോക്കി,ഭാഗ്യം അത്  മിസ്സ്ഡ് കാള്‍ ആയിരുന്നു.
    അഭിനയത്തിന്‍റെ പുതിയ പാഠങ്ങള്‍ പഠിച്ചു തുടങ്ങിയ എന്‍റെ മാസവരുമാനം ആയിരം രൂപയിലേയ്ക്ക് താഴ്ന്നു,ഒരു പൂക്കടയില്‍ നിന്നും എത്ര രൂപ കൂലികിട്ടാനാ ."ങാ സമാധാനിക്കാം രണ്ടു ദിവസ്സത്തെ പെട്രോളിന്‍റെ പൈസ്സ..."
  മാസം ഒന്നു  കഴിഞ്ഞു,എനിക്ക് തിരികെപ്പോകുവാനുള്ള സമയം അടുത്തുവരുന്നു.ഒരു ഞായറാഴ്ച , ഞാന്‍ വരാന്തയില്‍  ഇരിക്കുമ്പോള്‍  വീടിന്‍റെ  മുന്‍വശത്ത്‌ ഒരു ആട്ടോറിക്ഷ വന്നു നിന്നു,അതില്‍ നിന്നും വിശ്വന്‍ മേശിരി ഇറങ്ങി,എന്‍റെ നേരെ വന്നു,
"ദാ  വാടകയ്ക്ക്  ആളിനെകൊണ്ട് വന്നിട്ടുണ്ട്"എല്ലാം  പറഞ്ഞു ശരിയാക്കിയിട്ടുണ്ട്,മാസം  അയ്യായിരം,ബാക്കി  എഴുത്തും കുത്തുമൊക്കെ നിങ്ങള്  തമ്മിലായിക്കോ."
സന്തോഷത്താല്‍ ഞാന്‍ ഭാര്യയെ വിളിച്ചുപറഞ്ഞു, വീട് വാടകയ്ക്കെടുക്കാന്‍ ആളെക്കിട്ടിയെന്ന്‍ , അപ്പോഴേയ്ക്കും വിശ്വന്‍മേശിരി ,ആട്ടോയില്‍ നിന്നും ഒരാളെ വിളിച്ചുകൊണ്ട് വരാന്തയിലേയ്ക്കു കയറി.അയാളെ കണ്ടതും എന്‍റെ കണ്ണുകള്‍ പുറത്തേയ്ക്കു തള്ളി ,എന്‍റെ അടുത്തേയ്ക്കു വന്ന ഭാര്യ ജീവനും കൊണ്ട് ഓടി .അയാള്‍ എന്നെയൊന്നു  നോക്കി,"സപ്ലെ ഓഫീസര്‍". 'ഈശ്വരാ എന്നെ മനസ്സിലായിക്കാണരുതേ ' എന്ന് ഞാന്‍ ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ചു.അദ്ദേഹം വീട്  ആകെയൊന്നു നോക്കി,"വരാന്തമുഴുവന്‍ തടിയാണല്ലോ',മുറ്റത്തും  ടൈല്‍സ്,നല്ല  പൂന്തോട്ടവും,ചുറ്റുമതില്‍ ,ഹാ.. മനോഹരം " പെട്ടന്ന്  വിശ്വന്‍ മേശിരി പറഞ്ഞു,"സാറേ  ഇതല്ല വീട് ദേ  ആ കാണുന്നതാ" അയാള്‍ എന്‍റെ  ഭാര്യയുടെ  വീട്ടിലേയ്ക്ക് വിരല്‍ ചൂണ്ടി .ഓഫീസര്‍ അത് ശ്രദ്ധിക്കാതെ എന്നെ  അടിമുടി ഒന്നു നോക്കി,
'പൂക്കടയില്‍ ജോലിക്കു പോകുന്ന ആള്  അല്ലേ'?
ഈശ്വരാ ..അഭിനയത്തിന്‍റെ  ഏതു പാഠമാണ് ഞാനിനി പുറത്തെടുക്കുക.!
 എന്‍റെ ഉത്തരം തൊണ്ടയില്‍ കുടുങ്ങി,'അതെ ' യെന്നു തല കുലുക്കി.
എവിടെയാ  പൂക്കട ..?
ഗള്‍ഫിലാ ...ബഹറിനില്‍ ...
കഥയറിയാതെ വിശ്വന്‍  വായ്‌ പൊളിച്ചു നിന്നു.
നാഴികമണി ശബ്ദിച്ചു.ഒപ്പം കാലചക്രം ഉരുണ്ടുപോയി.
ഗ്ലാസുകള്‍ തമ്മില്‍ കൂട്ടി മുട്ടി.വിദേശ മദ്യത്തിന്‍റെ കശപ്പു  കലര്‍ന്ന സ്വാദ്  രുചിയോടെ കുടിച്ചുകൊണ്ട് സപ്ലെ ഓഫീസര്‍ പറഞ്ഞു ,"താനെന്നെ കുടിയനും കൈക്കൂലി  വാങ്ങുന്നവനും  ആക്കി  അല്ലെ ?" " ങാ  ഇന്നത്തെക്കാലത്ത് ജീവിക്കണമെങ്കില്‍ പലതും കണ്ടില്ലെന്നു നടിക്കണം".
ഇപ്പോള്‍  ഞങ്ങള്‍ നല്ല  സുഹൃത്തുക്കളാണ്. നാളെ ഞാന്‍ അവധി കഴിഞ്ഞു പോവുകയാണ്.വിശ്വന്‍മേശിരി  പെട്ടിയെടുത്ത്‌ കാറില്‍ വച്ചു.ഞാന്‍  ഭാര്യയോടും  മേശിരിയോടുമായി പറഞ്ഞു,"എത്രയും  പെട്ടന്ന്  സപ്ലെഓഫീസറെ  നമ്മുടെ വാടക  വീട്ടില്‍  നിന്നും  ഒഴിപ്പിക്കണം ,എന്തു കള്ളം പറഞ്ഞാലും  വേണ്ടില്ല."
ഭാര്യ അതിശയത്തോടെ  തിരക്കി,"അതെന്താ  ചേട്ടാ..?"
ഞാന്‍  അല്പം  ശബ്ദം താഴ്ത്തി,പറഞ്ഞു,"അയാള്‍  മഹാകുടിയനാ..."
കാറിന്‍റെ  ഡിക്കി  അടച്ചുകൊണ്ട്‌ വിശ്വന്‍ മേശിരി  എന്തോ പറഞ്ഞത് എന്‍റെ മൊബൈലന്‍റെ  റിംഗ് ട്യൂണില്‍   ലയിച്ച്  ഇല്ലാതെയായി."
   അവനന്‍ കുരുക്കുന്ന കുരുക്കഴിച്ചെടുക്കുമ്പോള്‍ ഗുലുമാല്‍ .....
ദീപു ആറ്റിങ്ങല്‍ 

Thursday, 23 July 2015

ഗാന്ധാരി

 (എന്‍റെ കാഴ്ചപ്പാടില്‍)


എന്തിനു കണ്ണുകൾ കെട്ടി നീ ഗാന്ധാരീ
അന്ധനാണിന്നു നിൻ കാന്തനെന്നോ ?
കാന്തനു കാഴ്ചയില്ലാത്ത  കാരണം;
ഉൾക്കാഴ്ച മറച്ചു നീ പതിവ്രത യാകവേ
   
മക്കൾ പല പല തെറ്റുകൾ ചെയ്യുമ്പോൾ
കാണാതെ കണ്ണുകൾ മൂടിവച്ചില്ലയോ ?
നേർക്കാഴ്ച നല്കിയതില്ല നീ അമ്മേ
നേർവഴി കാണാതെ വലഞ്ഞൂ  നിൻ  മക്കൾ
   
കാഴ്ചയില്ലാത്തൊരാ കാന്തന്‍റെ  ഹൃത്തിൽ
ഒരു തരി വെട്ടമായ് നീ നിറഞ്ഞില്ലല്ലോ
കണ്ണു തുറന്നു നീ കണ്ടതില്ല നിൻ
ഓമന പുത്രന്റെ പൊൻ മുഖം പോലുമേ !

മരണത്തിലേയ്ക്കു  മകൻ നടക്കുന്ന നേരത്ത്
എന്തിനായിരുന്നു നീ മിഴികൾ തുറന്നത്?
അന്ധനാം അച്ഛന്റെ പിന്മുറക്കാർ
അവരെ അന്ധരാക്കുന്നതിൽ പങ്കു വഹിച്ചവൾ!  
                   *********************