റേഷന്‍കാര്‍ഡ് -കഥ
വര്‍ഷങ്ങള്‍ക്കു മുമ്പ് റേഷന്‍കാര്‍ഡ് പുതുക്കിയപ്പോള്‍ മകന്‍റെ ജോലി വിദേശം എന്നാണ് അമ്മ പറഞ്ഞുകൊടുത്തത്.ഇപ്പോള്‍ മകന്‍ വിവാഹം കഴിഞ്ഞു രണ്ടു കുട്ടികളുടെ പിതാവായി,നല്ല ഒരു വീടും വച്ച് പുതിയ കാറും വാങ്ങി.വര്‍ഷംതോറും നാട്ടില്‍ പോയിവരികയും ചെയ്യുന്നു.ഭാര്യയുടെ പേരിലുള്ള വീട് ചില്ലറ മിനുക്കുപണിയൊക്കെ ചെയ്ത് വാടകക്കാരെയും കാത്തുകിടപ്പാണ്.ഒന്നുരണ്ടുപേര്‍ വന്നുനോക്കി,അയ്യായിരം രൂപയ്ക്കാണ് തൊട്ടു താഴത്തെ വീട് കൊടുത്തിരിക്കുന്നത്.ഇനി പുതിയ റേഷന്‍കാര്‍ഡ് എടുക്കണമെന്നു പറഞ്ഞു ഭാര്യ നിര്‍ബന്ധിപ്പിക്കുന്നു.കടമ്പകള്‍ ഏറെയുണ്ട് കടക്കാന്‍.ആദ്യം മുനിസിപ്പാലിറ്റിയില്‍ നിന്നും വീടിന്‍റെ കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് വാങ്ങി,ഭര്‍ത്താവ് വിദേശത്താണെന്ന് പറഞ്ഞാല്‍ വാര്‍ഷിക വരുമാനം കൂടുതലാവും.
അടുത്തത് വില്ലേജോഫീസ്.ഞാന്‍ റെഡിയായി പുറത്തേയ്ക്കിറങ്ങിയപ്പോള്‍ ഭാര്യയുടെ ചോദ്യം,"ഇതെവിടെയ്ക്കാ അണിഞ്ഞൊരുങ്ങി സിനിമേല്‍ അഭിനയിക്കാന്‍ പോകുന്നോ?!.
"വില്ലേജ് ഓഫീസില്‍ പോകണമെന്നല്ലേ നീ പറഞ്ഞത്" എന്‍റെ മറുപടി കേട്ട് അവള്‍ ചിരിച്ചു കൊണ്ട് പറഞ്ഞു,"മനുഷ്യാ ഇത്രേം നല്ല ഡ്രസ്സില്‍ പോയാല്‍ വരുമാനം കൂടും,ദേ ഒരു പഴയ ഷര്‍ട്ടും ലുങ്കിയും എടുത്തിട്ടോണ്ട് വാ".
എന്‍റെ മൊബൈല്‍ ശബ്ദിച്ചു,"അവനന്‍ കുരുക്കുന്ന കുരുക്കഴിച്ചെടുക്കുമ്പോള്‍ ഗുലുമാല്‍ ......."ഒരു മിസ്സ്ഡ് കോള്‍.
"നശിച്ച ഒരു റിംഗ് ട്യൂണ്‍...പിന്നെ ഈ മൊബൈലും കിബൈലും ഒന്നും എടുക്കണ്ട,ഇതൊക്കെ കണ്ടാല്‍ വരുമാനം വീണ്ടും കൂടും പറഞ്ഞേയ്ക്കാം".ഭാര്യയുടെ അസംതൃപ്തമായ മുഖഭാവം.
"കയ്യിലിരിക്കട്ടെ,അവിടെവച്ച് ബെല്ല് കേട്ടാലും എടുക്കില്ല പോരെ..."
പുതിയ മാരുതി സ്വിഫ്റ്റ് വില്ലേജ് ഓഫീസിന്‍റെ മുന്നില്‍ നിന്നും കുറച്ചു മുന്നിലേയ്ക്ക് മാറ്റി നിര്‍ത്തി,ഭാര്യ ഇറങ്ങിപ്പോയി,അല്പം കഴിഞ്ഞ് തിരികെ വന്നു.എന്നെ ഓഫീസര്‍ക്ക് കാണണം,ഞാന്‍ ഭവ്യതയോടെ അദ്ദേഹത്തിന്‍റെ മുന്നില്‍, ഭാര്യ പറഞ്ഞതുപോലെ അഭിനയിച്ചു കാണിച്ചു.ഗള്‍ഫില്‍ നിന്നും വന്നിട്ട് നാളുകുറേയാ യെന്നും ഇപ്പോള്‍ ഒരു പൂക്കടയില്‍ ജോലിക്കു പോകുകയാണെന്നും വലിയ ബുദ്ധിമുട്ടാണെന്നും പറഞ്ഞു.എന്‍റെ അഭിനയത്തിന് ഓസ്കാര്‍ അവാര്‍ഡ് കൊടുക്കണം എന്ന ഭാര്യയുടെ അഭിപ്രായം എന്നെ ഏതോ സ്വപ്ന ലോകത്തില്‍ എത്തിച്ചു.
റീലുകള്‍ വീണ്ടും ഓടികൊണ്ടിരുന്നു,മാസവരുമാനം ആയിരത്തിയഞ്ഞൂറ് രൂപയാക്കി വില്ലേജ് ഓഫീസര്‍ എഴുതിത്തന്നു,ലോക്കേഷന്‍ സപ്ലൈ ഓഫീസിലേയ്ക്ക് മാറ്റി. ഓഫീസര്‍ പുതിയ ആളാ,ഭാഗ്യം ഈ നാട്ടുകാരനല്ല.കൈക്കൂലി വാങ്ങാത്ത ആളാണെന്നാണ് പൊതുവേയുള്ള അഭിപ്രായം.അദ്ദേഹം എല്ലാം പേപ്പറുകളിലും ഒപ്പിടുമ്പോള്‍ ,"അവനന്‍ കുരുക്കുന്ന കുരുക്കഴിച്ചെടുക്കുമ്പോള്‍ ഗുലുമാല്‍ ....." ഭാര്യ എന്‍റെ മുഖത്തേയ്ക്ക് രൂക്ഷമായി നോക്കി,ഭാഗ്യം അത് മിസ്സ്ഡ് കാള്‍ ആയിരുന്നു.
അഭിനയത്തിന്‍റെ പുതിയ പാഠങ്ങള്‍ പഠിച്ചു തുടങ്ങിയ എന്‍റെ മാസവരുമാനം ആയിരം രൂപയിലേയ്ക്ക് താഴ്ന്നു,ഒരു പൂക്കടയില്‍ നിന്നും എത്ര രൂപ കൂലികിട്ടാനാ ."ങാ സമാധാനിക്കാം രണ്ടു ദിവസ്സത്തെ പെട്രോളിന്‍റെ പൈസ്സ..."
മാസം ഒന്നു കഴിഞ്ഞു,എനിക്ക് തിരികെപ്പോകുവാനുള്ള സമയം അടുത്തുവരുന്നു.ഒരു ഞായറാഴ്ച , ഞാന്‍ വരാന്തയില്‍ ഇരിക്കുമ്പോള്‍ വീടിന്‍റെ മുന്‍വശത്ത് ഒരു ആട്ടോറിക്ഷ വന്നു നിന്നു,അതില്‍ നിന്നും വിശ്വന്‍ മേശിരി ഇറങ്ങി,എന്‍റെ നേരെ വന്നു,
"ദാ വാടകയ്ക്ക് ആളിനെകൊണ്ട് വന്നിട്ടുണ്ട്"എല്ലാം പറഞ്ഞു ശരിയാക്കിയിട്ടുണ്ട്,മാസം അയ്യായിരം,ബാക്കി എഴുത്തും കുത്തുമൊക്കെ നിങ്ങള് തമ്മിലായിക്കോ."
സന്തോഷത്താല്‍ ഞാന്‍ ഭാര്യയെ വിളിച്ചുപറഞ്ഞു, വീട് വാടകയ്ക്കെടുക്കാന്‍ ആളെക്കിട്ടിയെന്ന്‍ , അപ്പോഴേയ്ക്കും വിശ്വന്‍മേശിരി ,ആട്ടോയില്‍ നിന്നും ഒരാളെ വിളിച്ചുകൊണ്ട് വരാന്തയിലേയ്ക്കു കയറി.അയാളെ കണ്ടതും എന്‍റെ കണ്ണുകള്‍ പുറത്തേയ്ക്കു തള്ളി ,എന്‍റെ അടുത്തേയ്ക്കു വന്ന ഭാര്യ ജീവനും കൊണ്ട് ഓടി .അയാള്‍ എന്നെയൊന്നു നോക്കി,"സപ്ലെ ഓഫീസര്‍". 'ഈശ്വരാ എന്നെ മനസ്സിലായിക്കാണരുതേ ' എന്ന് ഞാന്‍ ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ചു.അദ്ദേഹം വീട് ആകെയൊന്നു നോക്കി,"വരാന്തമുഴുവന്‍ തടിയാണല്ലോ',മുറ്റത്തും ടൈല്‍സ്,നല്ല പൂന്തോട്ടവും,ചുറ്റുമതില്‍ ,ഹാ.. മനോഹരം " പെട്ടന്ന് വിശ്വന്‍ മേശിരി പറഞ്ഞു,"സാറേ ഇതല്ല വീട് ദേ ആ കാണുന്നതാ" അയാള്‍ എന്‍റെ ഭാര്യയുടെ വീട്ടിലേയ്ക്ക് വിരല്‍ ചൂണ്ടി .ഓഫീസര്‍ അത് ശ്രദ്ധിക്കാതെ എന്നെ അടിമുടി ഒന്നു നോക്കി,
'പൂക്കടയില്‍ ജോലിക്കു പോകുന്ന ആള് അല്ലേ'?
ഈശ്വരാ ..അഭിനയത്തിന്‍റെ ഏതു പാഠമാണ് ഞാനിനി പുറത്തെടുക്കുക.!
എന്‍റെ ഉത്തരം തൊണ്ടയില്‍ കുടുങ്ങി,'അതെ ' യെന്നു തല കുലുക്കി.
എവിടെയാ പൂക്കട ..?
ഗള്‍ഫിലാ ...ബഹറിനില്‍ ...
കഥയറിയാതെ വിശ്വന്‍ വായ് പൊളിച്ചു നിന്നു.
നാഴികമണി ശബ്ദിച്ചു.ഒപ്പം കാലചക്രം ഉരുണ്ടുപോയി.
ഗ്ലാസുകള്‍ തമ്മില്‍ കൂട്ടി മുട്ടി.വിദേശ മദ്യത്തിന്‍റെ കശപ്പു കലര്‍ന്ന സ്വാദ് രുചിയോടെ കുടിച്ചുകൊണ്ട് സപ്ലെ ഓഫീസര്‍ പറഞ്ഞു ,"താനെന്നെ കുടിയനും കൈക്കൂലി വാങ്ങുന്നവനും ആക്കി അല്ലെ ?" " ങാ ഇന്നത്തെക്കാലത്ത് ജീവിക്കണമെങ്കില്‍ പലതും കണ്ടില്ലെന്നു നടിക്കണം".
ഇപ്പോള്‍ ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. നാളെ ഞാന്‍ അവധി കഴിഞ്ഞു പോവുകയാണ്.വിശ്വന്‍മേശിരി പെട്ടിയെടുത്ത് കാറില്‍ വച്ചു.ഞാന്‍ ഭാര്യയോടും മേശിരിയോടുമായി പറഞ്ഞു,"എത്രയും പെട്ടന്ന് സപ്ലെഓഫീസറെ നമ്മുടെ വാടക വീട്ടില്‍ നിന്നും ഒഴിപ്പിക്കണം ,എന്തു കള്ളം പറഞ്ഞാലും വേണ്ടില്ല."
ഭാര്യ അതിശയത്തോടെ തിരക്കി,"അതെന്താ ചേട്ടാ..?"
ഞാന്‍ അല്പം ശബ്ദം താഴ്ത്തി,പറഞ്ഞു,"അയാള്‍ മഹാകുടിയനാ..."
കാറിന്‍റെ ഡിക്കി അടച്ചുകൊണ്ട് വിശ്വന്‍ മേശിരി എന്തോ പറഞ്ഞത് എന്‍റെ മൊബൈലന്‍റെ റിംഗ് ട്യൂണില്‍ ലയിച്ച് ഇല്ലാതെയായി."
അവനന്‍ കുരുക്കുന്ന കുരുക്കഴിച്ചെടുക്കുമ്പോള്‍ ഗുലുമാല്‍ .....
ദീപു ആറ്റിങ്ങല്‍
No comments:
Post a Comment